ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരക്കരാർ ഒപ്പ്വയ്ക്കുന്നതിന്റെ തൊട്ടരികിലാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ സന്തുലിതമാക്കുന്നതിന് നടത്തിയ ചർച്ചകളിൽ പുരോഗതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നാളെ ഡൽഹിയിൽ നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ റൂബിയോ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഗോളതലത്തിൽ സ്വാധീനമുള്ള രാജ്യമായി ഇന്ത്യയെ കാണുന്നതായും അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങൾക്കും ഒരുപോലെ ഗുണകരവും ദീർഘകാലം നിലനിൽക്കുന്നതുമായ ഒരു കരാറിലെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞയാഴ്ചകളിൽ യുഎസിൽ നടന്ന ചർച്ചകളിൽ മികച്ച പുരോഗതിയുണ്ടായിട്ടുണ്ട്. അമേരിക്കൻ വ്യാപാരപ്രതിനിധി ഉടൻതന്നെ ഇന്ത്യ സന്ദർശിക്കുമെന്നും റൂബിയോ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാറിനു മുന്നോടിയായി ഇടക്കാല വ്യാപാരക്കരാറിന്റെ ചട്ടക്കൂടിന് കഴിഞ്ഞ ഫെബ്രുവരിയിൽ രൂപം നൽകിയിരുന്നു. വ്യാപാരത്തിനുപുറമെ മറ്റ് തന്ത്രപ്രധാന മേഖലകളിലും ഇരുരാജ്യങ്ങളും സഹകരണം തുടരുമെന്നും സംയുക്ത പ്രസ്താവനയിൽ റൂബിയോ വ്യക്തമാക്കി.
അതേസമയം, നിയമാനുസൃതമായി അമേരിക്കയിലേക്കു യാത്ര ചെയ്യുന്ന ഇന്ത്യക്കാർ വീസ ലഭിക്കാൻ നേരിടുന്ന ബുദ്ധിമുട്ടുകൾ ഉന്നതതല യോഗത്തിൽ വിദേശകാര്യ മന്ത്രി ഔദ്യോഗികമായി അറിയിച്ചു. അനധികൃത കുടിയേറ്റങ്ങൾ തടയാൻ ഇരുരാജ്യങ്ങളും സഹകരിക്കുന്പോൾ നിയമപരമായ യാത്രകളെയും ബിസിനസ്, സാങ്കേതിക മേഖലകളിലെ സഹകരണത്തെയും ചട്ടങ്ങൾ ദോഷകരമായി ബാധിക്കരുതെന്ന് ജയ്ശങ്കർ ആവശ്യപ്പെട്ടു.
എന്നാൽ നിലവിൽ അമേരിക്ക നടപ്പിലാക്കിയ വീസ നയം ഇന്ത്യയെ മാത്രം ലക്ഷ്യം വയ്ക്കുന്നതല്ലെന്ന് റൂബിയോ വ്യക്തമാക്കി. മറ്റു രാജ്യങ്ങളുമായുള്ള അമേരിക്കയുടെ ബന്ധം ഇന്ത്യയുമായുള്ള നയതന്ത്ര സഹകരണത്തെ ഒരിക്കലും ബാധിക്കില്ലെന്നും റൂബിയോ പറഞ്ഞു.
ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ മൂന്നു മണിക്കൂറോളം നീണ്ട ചർച്ചയിൽ ഇരുരാജ്യങ്ങളുടെയും നയതന്ത്ര പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്തു.
ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വ്യാപാരം, ഊർജം തുടങ്ങിയ മേഖലകളെക്കുറിച്ച് ചർച്ച നടത്തിയ റൂബിയോ, പ്രസിഡന്റ് ഡോണൾഡ് ട്രംപിനുവേണ്ടി അദ്ദേഹത്തെ വൈറ്റ് ഹൗസ് സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു.